തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ‘കേരള പദയാത്ര’യുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം കനക്കുന്നു. കോഴിക്കോട്ടെ പരിപാടിയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പോസ്റ്ററിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നതാണ് വിവാദത്തിന് വഴിവെച്ചത്.
ബിജെപിയുടെ സവർണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണു വിമർശനം. സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമർശനം ഉയർന്നുവരുന്നുണ്ട്. ബിജെപിയുടെ ഔദ്യോഗിക പേജുകൾ ഉൾപ്പെടെ പോസ്റ്റർ പങ്കുവച്ചിരുന്നു.
അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബിഡിജെഎസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്.