മാങ്കാംകുഴി: സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണമെന്നും ആ സൗന്ദര്യത്തെ അഭിമാനത്തോടെ ആസ്വദിക്കണമെന്നുള്ള ആഗ്രഹമായിരുന്നു മോൻസിക്ക്.
ഒടുവിൽ പ്രകൃതിസ്നേഹിയായ മാവേലിക്കര മാങ്കാംകുഴി വെട്ടിയാർ ജെയ്മി ഭവനത്തിൽ അമ്പത്തൊന്നുകാരനായ മോൻസി ജോൺ ഹിമാലയം കീഴടക്കണമെന്ന തന്റെ ആഗ്രഹം സഫലീകരിച്ചു. പ്രകൃതിയെ സ്നേഹിച്ച് കാടുകളും മലകളും കയറി പുഴകളും കടന്നുള്ള യാത്രകളുടെ മനക്കരുത്തിലാണ് മോൻസി ഹിമാലയത്തിൽ എത്തിയത്.
പത്തുദിവസത്തെ യാത്രയിൽ ഉത്തരാഖണ്ഡിലെ ബ്രഹ്മതാൽ സമുദ്രനിരപ്പിൽനിന്നു 12,500 അടി മുകളിൽ മഞ്ഞുകണങ്ങൾ പൊതിഞ്ഞ ഹിമാലയത്തിൽ നടന്നുകയറി എത്തിച്ചേർന്നതെന്നും ദൈവത്തിനും സഹായിച്ചവർക്കും നന്ദി പറയുന്നതായും മോൻസി ജോൺ പറഞ്ഞു. യാത്രകളെ ഇഷ്ടപ്പെടുന്ന തന്റെ അടുത്ത വലിയ ആഗ്രഹം എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കുക എന്നതാണെന്നും അതിനായുള്ള പരിശ്രമത്തിലാണെന്നും മോൻസി പറഞ്ഞു.
മാങ്കാംകുഴി ജംഗ്ഷനിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന മോൻസി ജോൺ കഴിഞ്ഞ ഏഴുവർഷമായി നെല്ലിയാമ്പതി കേന്ദ്രീകരിച്ച് നാരായണ സ്വാമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നേച്ചർ ഗാർഡ്സ് ഇനിഷിയേറ്റിവ് എൻജിഐ എന്ന പരിസ്ഥിതി കൂട്ടായ്മയിൽ അംഗമായി പ്രവർത്തിക്കുകയാണ്.
എല്ലാമാസവും ഒരു ഞായറാഴ്ച നെല്ലിയാമ്പതിയിൽ ഒത്തുകൂടുന്ന ഈ കൂട്ടായ്മ കേരളത്തിലെ വിവിധ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ സന്ദർശിച്ച് സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളും മാലിന്യങ്ങളും ശേഖരിച്ച് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി വരികയാണ്. മോൻസിയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും യാത്രകൾക്കും ഭാര്യ ജെയ്മി മോൻസി മക്കളായ മെറിൻ, മെബിൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.
നൗഷാദ് മാങ്കാംകുഴി