തിരുവനന്തപുരം: ചാക്കയിൽനിന്നു കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടാതെ പോലീസ്. നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും നിർണായക വിവരങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ പൊന്തക്കാടിനോട് ചേർന്നുള്ള ഓടയിൽനിന്നു ക്ഷീണിതയായ കുട്ടിയെ പോലീസ് കണ്ടെത്തിയത്.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയശേഷം പോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പൊന്തക്കാട്ടിനരികിലേക്ക് പോയതോ ആകാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ കുട്ടി ഒറ്റയ്ക്ക് നടന്ന് പോകില്ലെന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും പറയുന്നത്.
കുട്ടി റെയിൽവെ ട്രാക്കിനടുത്തേക്ക് സ്വയം പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കും തന്റെ കുട്ടികൾ പോകില്ലെന്നുമാണ് പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും കുട്ടിയെ തട്ടിക്കൊണ്ട് പോകില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. തങ്ങൾക്ക് ആരെയും സംശയമില്ലെന്നും ഇവർ പറയുന്നു. എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് രണ്ട് വയസുകാരി .
കുട്ടിയെ വിട്ട് തരണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും എസ്എടി ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഇവരുടെ മറ്റ് കുട്ടികൾ ചൈൾഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. അതേസമയം കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
പേട്ട റെയില്‍വേ സ്റ്റേഷനു സമീപം താമസിച്ചുവരികയായിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് രണ്ട് ദിവസം മുന്‍പ് പുലർച്ചെ കാണാതായത്. മൂന്നു സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആണ് കാണാതായത്. 19 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ 300 മീറ്റര്‍ അകലെ റേറ്റില്‍വെ പാളത്തിനടുത്ത് ഒരു ഓടയില്‍ കണ്ടെത്തിയത്.