കൊച്ചി: മോഷണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തേടി കേരളത്തില്‍നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോയ പോലീസ് സംഘത്തിനുനേരേ വെടിവയ്പ്. ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കുനേരേയാണ് പ്രതികളില്‍നിന്ന് ആക്രമണവും വെടിവയ്പ്പും ഉണ്ടായത്.
ദര്‍ഹ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. അക്രമം നടത്തിയ പ്രതികളെ കീഴടക്കിയെന്നും പോലീസുകാര്‍ക്ക് പരിക്കില്ലെന്നും എറണാകുളം റൂറല്‍ എസ്പി വൈഭവ് സക്സേന പറഞ്ഞു.എറണാകുളം അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടത്തിയ സംഘത്തെ അന്വേഷിച്ചാണ് കേരളാ പോലീസ് സംഘം അജ്മീറിലെത്തിയത്.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചിലേറെ പേര് സംഘത്തിലുണ്ടായിരുന്നു. രാജസ്ഥാന് പോലീസിന്റെ സഹായത്തോടെ പ്രതികളുടെ താമസ സ്ഥലത്തെത്തിയ സംഘത്തെ പോലീസെന്ന് തിരിച്ചറിഞ്ഞ പ്രതികള്‍ കായികമായി നേരിട്ടശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
പോലീസിനുനേരേ തോക്ക് ചൂണ്ടിയശേഷം നിലത്തേക്കാണ് പ്രതികൾ വെടിയുതിര്‍ത്തത്. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതികളെ പോലീസ് കീഴടക്കി.
പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിയുതിര്‍ത്ത രണ്ട് ഉത്തരാഖണ്ഡ് സ്വദേശികളെ ദര്‍ഹ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം കേരളാ പോലീസിന് കൈമാറും.
വൈകുന്നേരത്തോടെ പ്രതികളുമായി സംഘം കേരളത്തിലേക്ക് തിരിക്കുമെന്നാണ് സൂചന. അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതികളുടെ സംഘത്തില്‍ എത്ര പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.