തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ പി.സി.ജോർജ് കച്ചമുറുക്കുന്നതിനിടെ ബിജെപി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ താൻതന്നെ മത്സരിക്കുമെന്ന് നേരത്തെ പി.സി.ജോർജ് പറഞ്ഞിരുന്നു.
മത്സരിച്ചാൽ താൻതന്നെ ജയിക്കുമെന്നും തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് പി.സി.ജോർജ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ബിജെപി സംസ്ഥാനഘടകത്തിന് പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് താൽപ്പര്യമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതിനു പിന്നാലെയാണ് പി.എസ്.ശ്രീധരൻ പിള്ളയുടെ പേരും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ നിർത്താനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം.
2019ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ 2,97,396 വോട്ടുകൾ നേടിയിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.
ഗോവ ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിതായും സൂചനയുണ്ട്. ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.