കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. വാഴക്കാട് പോലീസാണ് കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലിയെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തു വകിയാണ്.
ഇയാള്‍ക്കെതിരേ നേരത്തെയും കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി എട്ടുമണിയോടെ ചാലിയാറില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു ചെരിപ്പ് മാത്രമാണ് മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയത്.
സ്കൂളിലെ കൗണ്‍സിലിംഗില്‍ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സ്കൂള്‍ അധികൃതര്‍ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരാതി വാഴക്കാട് പോലീസിന് കൈമാറി.
പെണ്‍കുട്ടി സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാല്‍ മൊഴിയെടുക്കല്‍ മാറ്റി. ഊര്‍ക്കടവിലെ ഇയാളുടെ വീട്ടില്‍വച്ചുള്ള കരാട്ടെ പരിശീലനത്തില്‍ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികളുണ്ട്. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി മാനസിക പ്രയാസത്തത്തുടര്ന്ന് രണ്ടാഴ്ചയോളമായി സ്കൂളില്‍ പോയിട്ടില്ല. എട്ടാം ക്ലാസില്‍ വച്ചാണ് കുട്ടി കരാട്ടെ ക്ലാസിനു ചേര്‍ന്നത്.