ചൈനയിൽ രണ്ട് മാസമായി അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലാണ് താപനില. 64 വർഷത്തെ റിക്കാർഡാണ് ഇതോടെ തകർന്നത്.
സിൻജിയാങ്ങിൽ 1960 ജനുവരി 21നാണ് താപനില ഏറ്റവും താഴ്ന്നത്. മൈനസ് 51.5 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. റെയിൽവേ ഉൾപ്പെടെയുള്ള ഗതാഗത മാർഗത്തെ മഞ്ഞുവീഴ്ചയും ഹിമപാതവും തടസപ്പെടുത്തി. നിരവധി ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
86 പ്രവർത്തകരെയും 47 വാഹനങ്ങളെയും റോഡിലെ മഞ്ഞ് നീക്കാനായി ഹൈവേ അധികൃതർ ഏർപ്പെടുത്തിയിരിക്കുകയാണ്. 43 റോഡുകളും 623 ടോൾല സ്റ്റേഷനുകളും അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
കനത്ത മഞ്ഞ് വീഴ്ചയാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഹൈവേ റോഡുകളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. ഇതിനാൽ അപകട സാഹചര്യം മുൻനിർത്തി സ്വന്തം വാഹനം ഒഴിവാക്കി പൊതു ഗതാഗതത്തെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.