ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ്തമാണല്ലൊ. ഇതിന്റെ കാര്‍ട്ടൂണും വിഖ്യാതമാണ്. മൗഗ്ലി എന്ന മനുഷ്യക്കുട്ടി മൃഗങ്ങള്‍ക്കിടയില്‍ വളരുന്ന ഈ കഥ എത്രയെത്ര ആളുകളുടെ മനസിനെ കീഴടക്കി.
എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യം പലര്‍ക്കും തോന്നാറുണ്ട്. ശ്രീലങ്കയില്‍ നിന്നും മറ്റും അത്തരത്തിലുള്ള മനുഷ്യരെ കണ്ടെത്തിയ വാര്‍ത്ത നേരത്തെ കേട്ടിരുന്നു. ഇപ്പോഴിതാ നായ വളര്‍ത്തിയ യുക്രെയ്നില്‍ നിന്നുള്ള ഒരു യുവതി വാര്‍ത്തകളില്‍ നിറയുന്നു. ഒക്സാന മലയ എന്നാണ് ഈ 40 കാരിയുടെ പേര്. നോവ ബ്ലാഹോവിഷ്ചെങ്ക എന്ന ഗ്രാമത്തിലായിരുന്നു അവളുടെ ജനനം.
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അവളുടേത്. വീട്ടില്‍ കുട്ടികള്‍ കൂടുതലായിരുന്നു. മാത്രമല്ല മലയയുടെ മാതാപിതാക്കള്‍ കടുത്ത മദ്യപാനികളുമായിരുന്നു. ഇവര്‍ വീട്ടിലിടം കുറവാണെന്ന കാരണം നിരത്തി മലയയെ മൂന്നാം വയസില്‍ വീടിന് പുറത്ത് കിടത്താന്‍ തുടങ്ങി. നല്ല തണുത്ത കാലാവസ്ഥ നിമിത്തം ആ കുഞ്ഞ് നന്നേ ബുദ്ധിമുട്ടി. ഒടുവില്‍ അതിജീവനത്തിനായി അവള് അവരുടെ വീട്ടിനടുത്തുള്ള നായ്ദ എന്ന നായയുടെ കൂട്ടില്‍ അഭയം കണ്ടെത്തി.
ആദ്യം നായകള്‍ അവളെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് മലയയെ അവരില്‍ ഒരാളായി അവ കണ്ടു. കാലക്രമേണ കുരയ്ക്കല്‍, മുരളല്‍, നാലുകാലില്‍ നടക്കല്‍ തുടങ്ങി ഒരു നായയുടെ എല്ലാ സ്വഭാവവിശേഷതകളും അവളില്‍ രൂപംകൊണ്ടു. കുരകളിലൂടെയും മുറുമുറുപ്പിലൂടെയും ആശയവിനിമയം നടത്തി. അവളുടെ ഭക്ഷണക്രമം പച്ചമാംസവും ചവറ്റുകുട്ടകളില്‍ നിന്ന് വലിച്ചെറിയുന്ന അവശിഷ്ടങ്ങളും ആയി. വെള്ളം നാവുനീട്ടി കുടിച്ചു.
ഈ സമയങ്ങളിലൊന്നും മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചില്ല. ഏതാണ്ട് ആറുവര്‍ഷങ്ങള്‍ ഒക്സാന നായകള്‍ക്കൊപ്പമായിരുന്നു താമസം. ഒരു ദിവസം ആ ഒമ്പതുവയസുകാരി തന്റെ അയല്പക്കത്തുള്ള ഒരാള്‍ക്ക് നേരെ കുരച്ചു. ഇക്കാര്യം അയല്ക്കാരന് പോലീസിനെ അറിയിച്ചു. അതോടെയാണ് മലയയുടെ അവസ്ഥ എല്ലാവരും മനസിലാക്കുന്നത്.
അധികൃതര്‍ അവളെ ചികിത്സയ്ക്കായി സ്പെഷല്‍ കെയര്‍ സ്ഥാപനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സമയത്ത് മറ്റ് നായകള്‍ അതിന് സമ്മതിക്കാതെ വലിയ ബഹളമുണ്ടാക്കി. ഒടുവില്‍ ഏറെപ്പണിപ്പെട്ട് അധികാരികള്‍ മലയയെ അവിടെ നിന്നും മാറ്റി. ശേഷം നല്ല ചികിത്സ അവള്‍ക്ക് നല്കി. എന്നാല്‍ തീരേ ചെറുപ്പത്തില്‍ ശീലിച്ച ഈ കാര്യം അവളില്‍ നിന്നും അത്ര പെട്ടെന്ന് പോയില്ല. ഒരു ആറുവയസിന്റേതിന് മുകളിലുള്ള രീതിയില്‍ മനോസ്ഥിതി എത്തിക്കാന്‍ മലയയ്ക്കാകുന്നില്ല.
2006ല്‍ അവള് തന്റെ പിതാവിനോടും അര്ധസഹോദരിയോടും ഒപ്പം വീട്ടിലെത്തി. എന്നാല്‍ മലയയ്ക്ക് അവിടം അത്ര സുഖകരമല്ലായിരുന്നു. കടുത്ത ഏകാന്തത തോന്നുമ്പോഴൊക്കെ അവള് നാലു കാലില്‍ നടന്നു. അസാധാരണവും വിചിത്രവുമായ ഘട്ടത്തിലൂടെ മലയയുടെ ജീവിതം മുന്നോട്ടുപോവുകയാണ്. ചെറുപ്പത്തിലെ അവഗണന ഒരു വ്യക്തിയെ എന്തൊക്കെ ആക്കി തീര്‍ക്കാം എന്നതിന്റെ ഒരുദാഹരണമാണ് ആ പാവമിന്ന്…