തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ ഇമ്മാനുവൽ കോളജ് ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനവും റാഗിങ്ങും നടന്നതായി പരാതി. നെയ്യാറ്റിൻകര കടവട്ടാരം അനു നിലയത്തിൽ മനു. എസ്. കുമാറി(18)നാണ് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം ഏറ്റതായി പരാതി.
കോളജ് കെട്ടിടത്തിൽ ഉണ്ടായിരുന്ന തേനീച്ച കൂട്ടിലേക്ക് മനു പേപ്പർ ചുരട്ടി എറിഞ്ഞെന്നും അതേതുടർന്ന് തേനീച്ചകൾ മറ്റു വിദ്യാർഥികളെ ഉപദ്രവിച്ചെന്നും ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ആദ്യം മനുവിനെ മർദിച്ചത്.
മർദനത്തത്തുടർന്ന് അധ്യാപികയോട് പരാതി പറയാൻ പോയ മനുവിനേയും സുഹൃത്തിനേയും സീനിയർ വിദ്യാർഥികൾ തടഞ്ഞു വെക്കുകയും അസഭ്യം വിളിക്കുകയും വീണ്ടും മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
സീനിയേഴ്സ് തന്റെ ഷർട്ടു വലിച്ചു കീറുകയും മുട്ടുകാലിൽ നിർത്തിയ ശേഷം ക്രൂരമായി മർദിക്കുകയും ചെയ്തെന്ന് മനു പറഞ്ഞു. ഇതു കണ്ട മനുവിന്റെ സുഹൃത്തായ അമൽ ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറും രണ്ടാം വർഷ വിദ്യാർത്ഥികളും എത്തിയാണ് മനുവിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്.
വീട്ടിലെത്തിയ മനുവിന് ശരീരവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്യാറ്റിൻകര ജനൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മനുവിന്റെ രക്ഷകർത്താക്കൾ ആര്യങ്കോട് പോലീസിൽ പരാതി നൽകി. ബികോം അവസാന വർഷ വിദ്യാർഥികളായ അൻസൽ, പ്രണവ് എന്നിവർക്ക് പുറമേ കണ്ടാൽ അറിയാവുന്ന 13 പേർക്കെതിരേ അര്യങ്കോട് പോലീസ് കേസെടുത്തു.