അയോധ്യയിലെ രാമക്ഷേത്രം ഒരു മാസംകൊണ്ടു സന്ദര്‍ശിച്ച ഭക്തരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട ക്യൂ എല്ലാ ദിവസവും തുടരുകയാണ്. ജനുവരി 22നും ഫെബ്രുവരി 22 നും ഇടയിലുള്ള ഒരു മാസത്തിനിടെ വിവിധ കൗണ്ടറുകളിലും മറ്റുമായി ഏകദേശം 25 കോടി രൂപ സംഭാവനയായി ലഭിച്ചു.
ഇതിൽ ചെക്കുകളും ഡ്രാഫ്റ്റുകളും പണവും ഉള്‍പ്പെടുന്നുവെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് അറിയിച്ചു. വിദേശത്തുനിന്നു ഭക്തര്‍ നല്കിയ സംഭാവനകളും നേരിട്ടു ബാങ്ക് വഴി നല്കിയ തുകയും ഇതിനു പുറമെ വരും.
സ്വര്‍ണവും വെള്ളിയുംകൊണ്ടു നിര്‍മിച്ച കിരീടം, മാല, കുട, രഥം, വളകള്‍, കളിപ്പാട്ടങ്ങള്‍, കണങ്കാലുകള്‍, വിളക്ക്, അമ്പും വില്ലും, വിവിധ തരം പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ധാരാളം വസ്തുക്കള്‍ ഭക്തര്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതുവരെ 25 കിലോയിലധികം വെള്ളി ലഭിച്ചു. സ്വര്‍ണത്തിന്റെ കൃത്യമായ ഭാരം ഇതുവരെ കണക്കാക്കിയിട്ടില്ല. ഇത് ഏകദേശം 10 കിലോ ആയിരിക്കുമെന്നാണു വിവരം.
പ്രാണ്‍ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാം മന്ദിര്‍ ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമാണ് ദര്‍ശനം നടത്തിയിരുന്നത്. പിറ്റേന്നു മുതലാണ് സാധാരണക്കാര്‍ക്ക് ദര്‍ശനാനുമതി ലഭിച്ചത്. ആദ്യ ദിവസം മാത്രം അഞ്ചു ലക്ഷം സന്ദര്‍ശകരെത്തിയിരുന്നു. വന്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെയാണു ദര്‍ശനാനുമതി.