ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരൻ പ്രണവിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.
യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പോലീസിൽ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ തനിക്ക് ഇഷമാണെന്നും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു. അതിനാലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു മാട്രിമാണിയൽ സൈറ്റിൽ രണ്ടുവർഷം മുമ്പ് പ്രണവിന്റെ ഐഡി യുവതി കണ്ടിരുന്നു. എന്നാൽ അത് വ്യാജ ഐഡി ആയിരുന്നു എന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. അതേതുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസിൽ പരാതി നൽകി.
ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു. ഇയാളെ നിരീക്ഷിക്കുന്നതിനായി യുവതി കാറിൽ ജിപിഎസ് സൗകര്യവും ഘടിപ്പിച്ചു.
ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ വീട്ടിലേക്ക് പോകാനിറങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പോലീസ് ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.