പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ 11 പേര് പോലീസ് കസ്റ്റഡിയില്‍.
ഇതില്‍ അഞ്ചു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇന്നു വൈകുന്നേരത്തോടെ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു പാലാ ഡിവൈഎസ്പി കെ. സദന് രാഷ്ട്രദീപികയോടു പറഞ്ഞു.
അക്രമത്തില്‍ പരിക്കേറ്റ് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന വൈദികന് ഫാ. ജോസഫ് ആറ്റുചാലിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നു വൈദികനും പള്ളി അധികാരികള്ക്കുംനേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്യുകയായിരുന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ഉടന്‍തന്നെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ മാത്രമല്ല മുതിര്ന്നവരുമുണ്ടായിരുന്നുവെന്നു ദേശവാസികള്‍ പറഞ്ഞു. പള്ളിക്കു സമീപത്തെ റോഡിലും തോട്ടങ്ങളിലും പതിനഞ്ചോളം പേരുടെ സംഘത്തെ ദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. പള്ളിയില്‍ ആരാധന നടക്കുന്നതായി അറിഞ്ഞുകൊണ്ടാണ് ഇവര്‍ കുരിശടിക്കു സമീപമെത്തി വാഹനങ്ങള്‍ റേസ് ചെയ്ത് അരോചമായ ശബ്ദമുണ്ടാക്കുകയും പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത്.
പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുന്നതിനാല്‍ അവിടെനിന്നു മാറിപ്പോകണമെന്ന അധികൃതരുടെ നിര്‍ദേശത്തെ ചോദ്യം ചെയ്യുകയും കൈയേറ്റത്തിനു മുതിരുകയുമായിരുന്നു. ഇങ്ങനെയൊരു നീക്കം ആസൂത്രിതമായിരുന്നുവെന്നും മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഇടവകാംഗങ്ങള്‍ ആശങ്കപ്പെടുന്നു. ഇന്ന് പള്ളി കമ്മിറ്റി യോഗം ചേര്‍ന്ന് കൂടുതല്‍ ശക്തമായ നിയമപടികള്‍ സ്വീകരിക്കണമെന്ന് അധികൃതകരോട് ആവശ്യപ്പെടും.
വൈദികനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന റാലിയിലും യോഗത്തിലും വിശ്വാസികളുടെ ശക്തമായ അമര്‍ഷവും പ്രതിഷേധവുമാണ് കാണാന്‍ സാധിച്ചത്. ടൗണ്‍ ചുറ്റി നടന്ന പ്രതിഷേധ റാലിയിലും യോഗത്തിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പി.സി. ജോര്‍ജ് തുടങ്ങിയ ഒട്ടേറെ പ്രമുഖരും പള്ളിയിലെത്തിയിരുന്നു.
പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെത്തി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, പൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട്, ആശുപത്രി ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.