ഹൈദരാബാദ്: തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ രാഷ്ട്രീയക്കാർ പലവിധത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയായിരിക്കും ചിലരുടെ സഞ്ചാരം.
ചട്ടലംഘനമില്ലെങ്കിൽ അതൊന്നും പ്രശ്നമല്ല താനും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ പ്രചാരണരീതികൾ കടന്ന കൈയായി പോയെന്ന ആക്ഷേപം വ്യാപമായി ഉയർന്നിരിക്കുകയാണ്.
ആന്ധ്രയിലെ പ്രധാന പാർട്ടികളായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) യുമാണു വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച് വിവാദത്തിലായത്. പാർട്ടി ചിഹ്നം പതിച്ച നിരോധ് പായ്ക്കറ്റുകൾ പൊതുജനങ്ങൾക്കു വിതരണം ചെയ്തായിരുന്നു ഇവരുടെ വേറിട്ട പ്രചാരണം.
ആദ്യം ടിഡിപിയാണു പാർട്ടി ചിഹ്നമുള്ള നിരോധ് പാക്കറ്റുകൾ വിതരണം ചെയ്തതെന്നു വൈഎസ്ആർസിപി പ്രവർത്തകർ പറയുന്നു. ആദ്യം ഇതിനെ വിമർശിച്ച വൈഎസ്ആർസിപി, പെട്ടെന്നുത്തന്നെ തീരുമാനം മാറ്റി. അവരും തങ്ങളുടെ പാർട്ടി ചിഹ്നം പതിച്ച ഗർഭനിരോധന ഉറകളുടെ പായ്ക്കറ്റ് വിതരണം ചെയ്തു രംഗത്തെത്തി.
ഇരു കൂട്ടരും ഇത് രഹസ്യമാക്കി വച്ചില്ലെന്നു മാത്രമല്ല, പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിതരണത്തിന്റെ വീഡിയോ പുറത്തുവിടുകയുംചെയ്തു. പെട്ടെന്നുതന്നെ വൈറലായ ഇതിന്റെ വീഡിയോയ്ക്കു പരിഹാസവും കടുത്ത വിമർശനവുമാണ് ഏറെ ലഭിച്ചത്. നേട്ടത്തിനായി ചെയ്തത് ദോഷമായി ഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ പാർട്ടിക്കാർ.