തിരുവനന്തപുരം: മൊബൈൽ ഫോൺ എടുത്തെന്നാരോപിച്ച് സുഹൃത്തിനെ ക്രൂരമായി മർദിച്ചു കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. ഇന്നലെ രാത്രി 8.30നാണ് സംഭവം. വർക്കല കണ്ണമ്പ ചാലുവിള സ്വദേശി നാരായണൻ (55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും അയൽവാസിയുമായ അരുണാണ് പോലീസ് പിടിയിലായത്.
തന്റെ 25,000 രൂപ വിലയുള്ള മൊബൈൽ കാണാനില്ലെന്ന് പറഞ്ഞ് നാരായണന്റെ വീട്ടിലേക്ക് അരുൺ കയറി ചെല്ലുകയും നാരായണൻ മൊബൈൽ വാങ്ങി നൽകണം എന്നാവശ്യപ്പെടുകയും ചെയ്തു. മൊബൈൽ മറ്റാരോ എടുത്തത് ആയിരിക്കുമെന്നും തനിക്ക് അതിനെക്കുറിച്ചു അറിവില്ലെന്നും പറഞ്ഞപ്പോൾ അരുൺ വീട്ടിലെ പൂജാസാമഗ്രികൾ തട്ടിത്തെറിപ്പിച്ചു.
ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ നശിപ്പിക്കരുതെന്നു പറഞ്ഞ നാരായണനെ അരുൺ ഇരുകൈകളിലും പിടിച്ചു വട്ടം കറക്കി തറയിലിട്ട് മർദിക്കുകയായിരുന്നു.
നാരായണന്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ ടെറസ്് വീട്ടിൽ നിന്നും താഴ്ചയിലുള്ള കനാലിലേക്ക് അരുൺ നാരായണനെ എടുത്തെറിഞ്ഞു. കനാൽ കുഴിയിലേക്ക് എടുത്തു ചാടി അരുൺ വീണ്ടും ക്രൂരമായി മർദിച്ചതോടെ നാരായണൻ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിൽ നാരായണന്റെ ഭാര്യ സുശീലയ്ക്കും പരിക്കേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മദ്യ ലഹരിയിലാണ് ആക്രമിച്ചതെന്ന് അയൽവാസികൾ പോലീസിന് മൊഴി നൽകി. അരുണിനെതിരേ കൊലപാതക കുറ്റം ചുമത്തി വർക്കല പോലീസ് കേസെടുത്തു.