തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനുള്ള സ്ത്രീകളുടെ കാത്തിരിപ്പിന് ഇനി മിനിട്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും.
പൊങ്കാല ഇടുന്നതിനായി നാനാദിക്കുകളിൽ നിന്നാണ് സ്ത്രീകൾ എത്തിയിരിക്കുന്നത്. എല്ലാവർഷവും മുടക്കം വരുത്താതെ പൊങ്കാലയിടുന്നവരാണ് അതിൽ ഭൂരിഭാഗവും. അവരിൽ ഒരാളാണ് നടി ചിപ്പി. ഇക്കുറിയും പൊങ്കാലയിടാനായി താരം എത്തിയിട്ടുണ്ട്.
ചെറുപ്പം മുതൽ പൊങ്കാല ഇടുന്നുണ്ട്. തടസങ്ങളെല്ലാം മാറി എല്ലാ കാര്യങ്ങളും നന്നായി വരണം എന്നുള്ള ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോഴുള്ള പ്രാർഥനയിലുള്ളതെന്ന് ചിപ്പി പറഞ്ഞു. കോവിഡ് സമയത്ത് ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടായപ്പോൾ വീട്ടിലായിരുന്നു പൊങ്കാലയിട്ടത്. വീണ്ടും ക്ഷേത്രത്തിൽ ഇടാനുള്ള അവസരം വന്നപ്പോൾ ഇവിടെവന്നു എന്നും താരം കൂട്ടിച്ചേർത്തു.
പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തും.