റാഞ്ചി: ഇംഗ്ലണ്ടിനെ റാഞ്ചിയിലും റാഞ്ചി രോഹിത് ശർമയും കൂട്ടരും അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. സ്പിന്നർമാർ കളം നിറഞ്ഞ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ അഞ്ചു വിക്കറ്റ് ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത. ഇംഗ്ലണ്ട് ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
നായകൻ രോഹിത് ശർമയും (55) ശുഭ്മാൻ ഗില്ലും (52)അർധ സെഞ്ചറി നേടി. രണ്ട് ഇന്നിംഗ്സിലും നിർണായക പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലാണു കളിയിലെ താരം. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണു വീഴ്ത്തിയത്.
പരന്പരയിലെ അവസാന മത്സരം മാർച്ച് ഏഴിനു ധരംശാലയിൽ ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ടിനു പിന്നീട് തുടർ തോൽവികളായിരുന്നു.
വിറച്ചു, വീണില്ല
നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 37 റണ്‍സെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജയിംസ് ആൻഡേഴ്സണ് ക്യാച്ച് നൽകിയാണു മടങ്ങിയത്.
ടെസ്റ്റ് കരിയറിലെ 17ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപ് ചെയ്തു. 81 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.
നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശപ്പെടുത്തി. ആറു പന്തു നേരിട്ട പട്ടിദാർ റണ്ണൊന്നുമെടുക്കാതെ ഷൊയ്ബ് ബഷീറിന്റെ പന്തിൽ ഒലി പോപ്പിനു ക്യാച്ച് നൽകി പുറത്തായി. ആദ്യ വിക്കറ്റിൽ 84 റണ്‍സ് കണ്ടെത്തിയ ഇന്ത്യയുടെ നാലു വിക്കറ്റുകൾ 36 റണ്‍സ് എടുന്പോൾ നിലംപൊത്തി.
സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയെയും (4) തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും (പൂജ്യം) മടക്കി ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. ഇതോടെ കളി എങ്ങോട്ടും മാറാമെന്ന നിലയിലെത്തി. ഈ ഘട്ടത്തിൽ ഗില്ലും ജുറെലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേർത്തു. ഗിൽ (52*) തന്റെ കരിയറിലെ ആറാം അർധ സെഞ്ചുറി നേടി. 124 പന്ത് നേരിട്ട ഗില്ലിന്റെ ബാറ്റിൽനിന്ന് ഫോറുകളൊന്നുമില്ലായിരുന്നു. രണ്ടു സിക്സുകൾ നേടി. ജുറെൽ 39 റണ്‍സ് സ്വന്തമാക്കി. ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്ട്ലിയും ഓരോ വിക്കറ്റു വീതം നേടി.
സ്കോർ കാർഡ്
ഇംഗ്ലണ്ട്: 353, 145
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : 307
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
രോഹിത് ശർമ സി ഫോക്സ് ബി ഹാർട്ട്ലി 55, യശസ്വി ജയ്സ്വാൾ സി ആൻഡേഴ്സണ് ബി റൂട്ട് 37, ശുഭ്മാൻ ഗിൽ നോട്ടൗട്ട് 52, രജത് പാട്ടീദാർ 0, ജഡേജ സി ബെയർസ്റ്റോ ബി ഷൊയ്ബ് ബഷീർ 4, സർഫറാസ് ഖാൻ സി പോപ്പ് ബി ഷൊയ്ബ് ബഷീർ 0, ജുറെൽ 39 നോട്ടൗട്ട്, എക്സ്ട്രാസ് 5, ആകെ 61 ഓവറിൽ 192/5.
ബൗളിംഗ്
ജോ റൂട്ട് 7-0-26-1, ടോം ഹാർട്ട്ലി 25-2-70-1, ഷൊയ്ബ് ബഷീർ 26-4-79-3, ജയിംസ് ആൻഡേഴ്സണ് 3-1-12-0.