മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ, പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന രാജ്യസഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ആവശ്യം. സിറ്റിംഗ് എംപിമാർ മാറുകയാണെങ്കിൽ കെ.എം. ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.
ഇ.ടി. മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയയ്ക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്ലിം ലീഗിൽ സജീവമാണ്.
ഇതിനിടെയാണ് പൊന്നാനിയിൽനിന്നു മലപ്പുറത്തേക്ക് മാറാനുള്ള നീക്കം ഇ.ടി. മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽനിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.