പഴയങ്ങാടി: പൊതുമാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ഐ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ഓൺ ലൈൻ സ്റ്റോർ ഉടമയക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. അടുത്തില ഈസ്റ്റിലെ മർജാൻ മഹമൂദിന്റെ പരാതിയിൽ ചെന്നൈയിലെ ഓൺലൈൻ സ്റ്റോർ ഉടമ അശിന്‍ റാം കണ്ണനെതിരേയാണ് കേസെടുത്തതെന്ന് പഴയങ്ങാടി എസ്എച്ച്ഒ ഇ. അനൂബ് കുമാർ പറഞ്ഞു.
2021 ജൂലൈയിൽ ഐ ഫോൺ നേരിട്ടിറക്കുമതി ചെയ്ത് നൽകാമെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം , യു ട്യുബ് വഴി ഇയാൾ പരസ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ഐ ഫോൺ 12 ന് ആവശ്യപ്പെട്ട് 45000 രൂപ ഫോൺ പേ വഴി കൈമാറിയെങ്കിലും സ്റ്റോക്കില്ലെന്നും പകരം അയ്യായിരം രൂപ കൂടി നൽകിയാൽ ടാബ് നൽകാമെന്നും വാഗാദ്നം ചെയ്തു. ഇതു പ്രകാരം അയ്യായിരം രൂപ കൂടി ബാങ്ക് വഴി അയച്ചു നൽകിയെങ്കിലും ഉത്പന്നമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
2022 ജനുവരിയിൽ ഏഴര ലക്ഷം രൂപ ഓൺലൈൻ വഴി ഓഫറുകൾ നൽകി തട്ടിയെടുത്ത മറ്റൊരു കേസിൽ അശ്വിൻറാം കണ്ണനെ ഭോപ്പാലിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. 2023 നവംബറിൽ കണ്ണൂർ റൂറൽ എസ്പിക്ക് മർജാൻ മഹമുദ് നൽകിയ പരാതിയെ തുടർന്ന് സൈബർ സെൽ അന്വേഷണവും ആരംഭിച്ചിരുന്നു.