കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും 7-ാം പ്രതിക്കും ഹൈക്കോടതി ഇരട്ട ജീവപര്യന്തം കൂടി വിധിച്ചു. 20 വർഷത്തേക്ക് ഇവർക്ക് ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയുടെ കാലാവധി ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം വിചാരണക്കോടതി നേരത്തേ വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമനസാക്ഷിയെതന്നെ ഞെട്ടിച്ച സംഭവമാണിത്. രാഷ്ട്രീയകൊലപാതകം എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും കെ.കെ.രമ എംഎല്‍എയും നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.