റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള ‘മെസി മെസി’ വിളികളോട് മോശമായി പ്രതികരിച്ചെന്ന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ ആരോപണം. അൽ ഷബാബിനെതിരേ 3-2ന് വിജയിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ വിവാദമായ പെരുമാറ്റമുണ്ടായത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഗോൾ നേടിയ പോർച്ചുഗീസ് താരം ക്ലബ് ഫുട്ബോളിൽ 750 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
ഗാലറിയിൽനിന്നുള്ള ഒരു വിഭാഗം അൽ ഷബാബ് ആരാധകരുടെ ‘മെസി, മെസി’ വിളികളെ പ്രത്യേകമായ ആംഗ്യത്തോടെയാണ് താരം നേരിട്ടത്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇത് അശ്ലീലം നിറഞ്ഞ അംഗവിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. ഈ ദൃശ്യങ്ങൾ ടെലിവിഷൻ കാണിച്ചിരുന്നില്ല. എന്നാൽ കാണികളിൽ ചിലർ ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമത്തിൽ ഇടുകയായിരുന്നു.
സംഭവത്തിൽ സൗദി ദേശീയ ഫുട്ബോൾ ഫെഡറേഷൻ (എസ്എഎഫ്എഫ്) അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അശ്റഖ് അൽ ഒൗസാത്ത് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അൽ നസർ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. ക്രിസ്റ്റ്യാനോയ്ക്ക് സൗദി ഫുട്ബോൾ രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതായും വെളിപ്പെടുത്താത്ത പിഴ ചുമത്തിയതായും റിപ്പോർട്ടുണ്ട്.