കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ സ്കൂളുകളില്‍ എത്തിയിട്ടുള്ളത് ഒന്നാം വർഷ പരീക്ഷയുടെ നാല് ദിവസത്തേക്കുള്ള വിഷയങ്ങളുടെ ചോദ്യ പേപ്പർ മാത്രം. മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ആദ്യം നാല് ദിവസങ്ങളിലെ (മാര്‍ച്ച് 1,5,7,14) ചോദ്യപേപ്പറുകള്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ (മാര്‍ച്ച് 16, 19, 21, 23, 26) ചോദ്യപേപ്പറുകള്‍ പിന്നീട് യഥാസമയം പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുമെന്നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലുള്ളത്.
മാര്‍ച്ച് ഒന്നിന് നടക്കുന്ന പാര്‍ട് 2 ലാംഗേജസ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഞ്ചിലെ പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്, ഏഴിലെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ചോദ്യ പേപ്പറുകളാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 16-ലെ ഇക്കണോമിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ്, 19-ലെ ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി, 21-ലെ ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, 23-ലെ ഫിസിക്സ്, സോഷ്യോളജി, അന്ത്രപോളജി, 26-ലെ ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളുടെ ചോദ്യ പേപ്പറുകളാണ് പിന്നീട് എത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകള്‍ സ്കൂളുകളില്‍ നേരത്തെ എത്തിച്ചിട്ടുണ്ട്.
ചോദ്യപേപ്പറുകള്‍ പിന്നീട് എത്തിക്കുന്ന സാഹചര്യം ഇത് ആദ്യമായിട്ടാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും ഹയര്‍ സെക്കൻഡറി അധ്യാപകര്‍ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരത്തിലുള്ള ഇരട്ടി ചെലവിന് കാരണമാകുന്നതെന്നും ആക്ഷേപമുയരുകയാണ്.
കഴിഞ്ഞവര്‍ഷം മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് പ്രതിഫലം പോലും നല്കാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സര്‍ക്കാര്‍ നട്ടം തിരിയുമ്പോള്‍ ഇത്തരത്തിലുള്ള പരീക്ഷ വിഭാഗത്തിന്റെ അനാസ്ഥയ്ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകണമെന്ന് എഎച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
സീമ മോഹന്‍ലാല്‍