കോട്ടയം: കലയുടെ കനകപ്രഭയിലാണു കോട്ടയം. “വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പേരുപോലെതന്നെ അക്ഷരനഗരിയായ കോട്ടയം ഭാവരസതാളലയങ്ങളിൽ ഒന്നായിത്തീർന്നു. കലാമാമാങ്കം നാലാം ദിനത്തിലേക്കു കടക്കുമ്പോള്‍ യുവതയുടെ ഉത്സവമേളങ്ങളിൽ നിറഞ്ഞാടുകയാണു പ്രധാന വേദിയായ സിഎംഎസ് കോളജ് കാമ്പസ്.
തിരുനക്കരയുടെ തിരുമുറ്റത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്ന് ആസ്വദിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. മത്സരാര്‍ഥികള്‍ ഏറിയതിനാല്‍ മത്സരങ്ങള്‍ പുലര്‍ച്ചെ വരെ നീളുകയാണ്. എല്‍ഇഡി ലൈറ്റുകള്‍ സൃഷ്ടിക്കുന്ന മാസ്മരിക വെളിച്ചത്തില്‍ നര്‍ത്തകിമാരുടെ ചുവടുകളുടെ താളത്തിലും ഗായകരുടെ ഈണത്തിലും താളംപിടിച്ച് രാത്രിയിലും കലോത്സവം ആഘോഷമാക്കുകയാണു കുട്ടികള്‍. വിദ്യാര്‍ഥികള്‍ക്ക് ആടാനും പാടനുമായി ഓപ്പണ്‍ സ്റ്റേജും കോളജ് ഒരുക്കിയിട്ടുണ്ട്.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത് സിഎംഎസ് കോളജ് കാമ്പസിലാണ് 207 വര്‍ഷം പിന്നിടുന്ന കലാലയ മുത്തശിയെ കാണുന്നതിനും അടുത്തറിയുന്നതിനുമായിട്ടാണ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളില്‍നിന്നു കുട്ടികള്‍ എത്തുന്നത്. മത്സരാര്ഥികളും കാണികളും ഉള്‍പ്പെടെ ഒരു ദിവസം പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കാമ്പസില്‍ എത്തുന്നത്.
കലാപ്രതിഭകളെയും യുവതയെയും ഇരുകൈയും നീട്ടി സ്വീരിക്കുകാണ് സിഎംഎസ് കോളജ്. എന്‍.എന്‍. പിള്ള, അരവിന്ദന്, ജോണ്‍ ഏബ്രഹാം, കാവാലം നാരായണപണിക്കാര്, ജയരാജ് ചലച്ചിത്രതാരം അനുപമ തുടങ്ങിയ ഒട്ടേറെ കലാകാരന്മാരെയാണ് സിഎംഎസ് സംഭാവന ചെയ്തിരിക്കുന്നത്. മുന്‍ പ്രസിഡന്റ് കെ.ആര്. നാരായണന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സുരേഷ്കുറുപ്പ് തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ കലാലയവുമാണ് സിഎംഎസ്. കാമ്പസ് സിനിമകളുടെ ഇഷ്ട ലൊക്കേഷനുമാണ് ഈ കലാലയം. ചാമരം, ക്ലാസ്മേറ്റ് തുടങ്ങിയ ഹിറ്റ് കാമ്പസ് സിനിമകള്‍ സിഎംഎസിലാണ് ഷൂട്ട് ചെയ്തത്.
സിഎംഎസിലെ അക്കാദമിക് ടൂറിസം
അത്യപൂര്‍വ ചെടിയായ ജോണ്സോനൈ ചെത്തി കാണണോ, അല്ലെങ്കില്‍ കരിങ്കുറിഞ്ഞി, ആരോഗ്യപ്പച്ച, അതുമല്ലെങ്കില്‍ ആദ്യം അച്ചടിച്ച മലയാള നിഘണ്ടു കാണണോ, ലോകത്തിലെ ആദ്യ ഗണിത പാഠപുസ്തകമായ യൂക്ലിഡ് കാണണോ വരൂ, ഇരുംകൈയും നീട്ടി നിങ്ങളെ സ്വീകരിക്കും സിഎംഎസ് കോളജ്. 200 വര്‍ഷത്തിലേറെ പാരമ്പര്യവും ചരിത്രവും രേഖകളുമെല്ലാം ഇനി എല്ലാവര്ക്കും കാണാനും പഠിക്കാനും ഉതകുന്നവിധത്തിലുള്ള അക്കാദമിക് ടൂറിസം പദ്ധതിക്ക് രൂപംകൊടുത്തിരിക്കുകയാണ് കോളജ്.
രാജ്യത്തുതന്നെ ഒരു കോളജ് ടൂറിസം സെന്ററായി മാറുന്നത് ഇതാദ്യം. വിദ്യാവനം, ബ്രിട്ടീഷ്-കേരള വാസ്തുശൈലികള്‍ സംയോജിക്കുന്ന നിര്‍മിതികള്‍, നൂറുകണക്കിനു പെയിന്റിംഗുകള്‍, ശില്പങ്ങള്, നൂറ്റാണ്ട് പഴക്കമുള്ള പുസ്തകങ്ങള്‍, അവയുടെ പുതിയ പതിപ്പുകള്‍, ആദ്യത്തെ പ്രസ് അങ്ങനെ കണ്ടുപഠിക്കാന്‍ ഒരുപാടുണ്ട് ഈ കലാലയമുത്തശിയുടെ മടിത്തട്ടില്‍നിന്ന്. അനുഭവിച്ചറിഞ്ഞ് പഠിക്കുക എന്ന ആശയത്തിലൂന്നിയാണ് അക്കാദമിക് ടൂറിസത്തിനു രൂപം നല്‍കിയിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ പറഞ്ഞു.
കാമ്പസ് ഒരു പൂന്തോട്ടം
പൂന്തോട്ടത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ട സ്ഥലം ഇവിടെയില്ല. കാരണം കാമ്പസ് ഒരു പൂന്തോട്ടമാണ്. എവിടെ നോക്കിയാലും പലതരം സസ്യങ്ങള്‍, വൃക്ഷങ്ങള്‍. 1,650 തരം സസ്യങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ 300 എണ്ണം വംശനാശഭീഷണി നേരിടുന്നതാണ്. വനംവകുപ്പിന്റെ സഹായത്തോടെയുള്ള വിദ്യാവനത്തില്‍ 157 ഇനം അപൂര്‍വ ചെടികളുണ്ട്. ഈ മരങ്ങളില്‍ കഴിയുന്ന ജന്തുവര്‍ഗങ്ങളുടെ വിവരം കോളജ് ശേഖരിച്ചുവരികയാണ്. ആറേക്കര്‍ സ്വാഭാവികവനമാണ് മറ്റൊരു പ്രത്യേകത. കടന്നുചെല്ലാന്‍ ഭയം തോന്നുന്ന ഇരുണ്ട വനം. കാമ്പസ് നിറഞ്ഞു നില്ക്കുന്ന കാറ്റാടി തണലിന്റെ ശീതളിമ വേറെയും.
പെയിന്റിംഗുകളും കൂറ്റന്‍ ശില്പങ്ങളും
മുന്നൂറിലധികം പെയിന്റിംഗുകളാണ് കോളജിലുള്ളത്. ഇതില്‍ 200 വര്‍ഷം പഴക്കമുള്ള 15 എണ്ണമുണ്ട്. ഒരുപക്ഷേ ഒരു ആര്‍ട്ട് ഗാലറിയും ഇത്രയധികം ചിത്രവൈവിധ്യം ഒരുക്കി നല്കുന്നുണ്ടാകില്ല. കൂറ്റന്‍ കരിങ്കല്‍ ശില്പങ്ങള് ഏഴെണ്ണം കാമ്പസിലുണ്ട്. ചുവര് ശില്പങ്ങള് 60. കാന്പസിലേക്കുള്ള റോഡില്‍ കോളജിന്റെ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് മനോഹരമായ കാഴ്ചയാണ്.
കേരളത്തിന്റെ വാസ്തുകല; പാരമ്പര്യത്തിന്റെ കഥകള്‍
കേന്ദ്രസര്‍ക്കാരിന്റെ സ്പെഷല്‍ ഹെറിറ്റേജ് സ്റ്റാറ്റസുള്ള ഏഴ് കെട്ടിടങ്ങളാണ് കാമ്പസിലുള്ളത്. കാമ്പസിലെ പ്രിന്‍സിപ്പല്‍ റസിഡന്റ്സ് കെട്ടിടത്തിന് 206 വര്‍ഷത്തെ പഴക്കമുണ്ട്. കോളജില്‍ പ്രിന്‍സിപ്പല്‍ ഓഫീസ് ഇരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള പൊള്ളയായ തറയോട് പാകിയിരിക്കുന്നത് കാണാം. കെട്ടിടങ്ങള്‍ നിര്‍മിച്ചത് വിദേശികളാണെങ്കിലും കേരളീയ വാസ്തുകലയുടെ ചാരുത അതിലുണ്ട് .
വിദ്യാഭ്യാസസ്ഥാപനം എന്ന കടമ മാത്രമല്ല ചരിത്രത്തില്‍ സിഎംഎസ് കോളജ് നിര്‍വഹിച്ചിട്ടുള്ളത്. സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ടുള്ള പല സമരങ്ങളുടെയും ഊര്‍ജകേന്ദ്രവും ഈ കാമ്പസായിരുന്നു. ആ കഥകളും സിഎംഎസ് സന്ദര്‍ശിക്കുന്നവര്‍ക്കു കേള്‍ക്കാം. 1913ല്‍ കേരളത്തിലാദ്യമായി സ്ത്രീകള്‍ക്ക് കോളജില്‍ പ്രവേശനം നല്കി.
കോളജിലെ ബെഞ്ചമിന്‍ ബെയ് ലി ചരിത്ര മ്യൂസിയത്തില്‍ ആദ്യത്തെ അച്ചടി ഉപകരണങ്ങള്‍ കാണാം. ആദ്യ മലയാള നിഘണ്ടു, ആദ്യ മലയാള ശാസ്ത്രഗ്രന്ഥം, ആദ്യ കോളജ് ജേണല്‍ എന്നിവയുടെ കോപ്പി ഇവിടുത്തെ ചരിത്രശേഖരങ്ങളിലുണ്ട്. കോളജില്‍ മഴവെള്ളം സംഭരിക്കുന്ന സംവിധാനം, അക്വേറിയം, ആംഫി തിയറ്റര്‍ എന്നിവയെല്ലാം കാഴ്ചക്കാരില്‍ കൗതുകമുണ്ടാക്കുന്നതാണ്.
ജിബിന്‍ കുര്യന്, ചിപ്പി ടി. പ്രകാശ്