മലപ്പുറം: കോൺഗ്രസിന്റെ സമരാഗ്നി വേദിയിൽ ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടാവണമെന്നും, നേതാക്കളുടെ ജാഗ്രതക്കുറവിന് കനത്ത വിലയാണ് നൽകേണ്ടി വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്.
സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതകുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്. ശ്രീനിവാസൻ പറയുന്നത് പോലെ എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്.
ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും. പറയാതെ വയ്യ. ഹാരിസ് മൂതൂർ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.