സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞർ ബംഗാൾ ഉൾക്കടലിൽ നിന്ന് തലയില്‍ ആവരണമുള്ള പുതിയ ഇനം കടല്‍ ഒച്ചിനെ കണ്ടെത്തി. ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും അതിര്‍ത്തി തീരമായ ഉദയ്പൂർ, ദിഘ തീരത്ത് നിന്നാണ് പുതിയ ഇനം ഒച്ചിനെ കണ്ടെത്തിയത്.
‘മെലനോക്ലാമിസ് ദ്രൗപതി’ എന്നാണ് ഈ ഒച്ചിന്റെ പേര്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ബഹുമാര്ഥമാണ് ഈ ഒച്ചിന് പേര് നൽകിയിരിക്കുന്നത്. സാധാരണയായി വേലിയേറ്റമുള്ള മണല്‍ നിറഞ്ഞ ബീച്ചുകളിലാണ് ഇത്തരം ഒച്ചുകൾ കാണപ്പെടുന്നത്.
ഏഴ് മില്ലീമീറ്ററോളം നീളമുള്ള തവിട്ട് കലർന്ന കറുപ്പ് നിറവും, പിൻഭാഗത്ത് ചുവന്ന നിറത്തോടെയുള്ള പൊട്ടും, ശരീരത്തില്‍ പുറന്തോടുമുള്ള, കശേരുക്കളില്ലാത്ത ഒച്ചുകളാണ് ഇവ. റിബൺ വേംസ്, കടൽ പുഴുക്കൾ, ചെറിയ മത്സ്യങ്ങൾ മുതലായവയാണ് ഇത്തരം ഒച്ചുകളുടെ ഭക്ഷണം.
നവംബർ ജനുവരി മാസങ്ങൾക്കിടയിലാണ് ഇവയുടെ പുനരുൽപാദനം നടക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ദിഘയിലെ മറൈൻ അക്വേറിയം റീജിയണൽ സെന്റര്‍ പ്രസാദ് ചന്ദ്ര ടുഡു പറഞ്ഞു.