റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. സൗദി പ്രൊ ലീഗിൽ അൽ ഷബാബ് എഫ്സിക്ക് എതിരായ പോരാട്ടത്തിൽ അൽ നസർ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോ നടത്തിയ അശ്ലീല ആംഗ്യത്തിന്റെ പേരിൽ ഒരു മത്സരത്തിലാണ് വിലക്ക്.
വിലക്കിനൊപ്പം 30,000 സൗദി റിയാൽ (6.64 ലക്ഷം രൂപ) പിഴയുമുണ്ട്. അതിൽ 10,000 റിയാൽ സൗദി ഫുട്ബോൾ ഫെഡറേഷനും 20,000 റിയാൽ അൽ ഷബാബിനുമാണ് റൊണാൾഡോ നൽകേണ്ടത്.
3-2ന് അൽ നസർ ജയിച്ച മത്സരത്തിനിടെ അൽ ഷബാബ് ആരാധകർ മെസി, മെസി… എന്ന് ഗാലറിയിൽനിന്ന് വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് റൊണാൾഡോ ഗാലറിക്കുനേരേ അഗ്ലീല ആംഗ്യം കാണിച്ചത്.
175 മില്യണ്‍ പൗണ്ട് (1834 കോടി രൂപ) വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ എത്തിയത്. സൗദി പ്രൊ ലീഗിൽ നിലവിലെ ടോപ് സ്കോററും (22 ഗോൾ) ഏറ്റവും കൂടുതൽ അസിസ്റ്റ് (9) നടത്തിയതും റൊണാൾഡോയാണ്.