കോഴിക്കോട്: കേരളത്തിലെ സിപിഎം തുടർഭരണം ബിജെപിയുടെ സംഭാവന. കോഴി കോട്ടുവായ ഇടുന്നതു പോലെയാണ് സിപിഎം ദേശീയ രാഷ്ട്രീയം പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടിയാണ് സിപിഎം. ഇരുപത് സീറ്റും യുഡിഎഫ് നേടും. കോൺഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം. സിപിഎമ്മിനു ചെയ്യുന്ന വോട്ട് ഫലത്തിൽ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വർഗീയതയെ ഇല്ലാതാക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇനിയും മോദി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കും സാധാരണക്കാർക്കും നൽകിയ ഗ്യാരന്റി നിറവേറ്റാൻ മോദിക്ക് സാധിച്ചില്ല.
രാമക്ഷേത്രം നിർമിച്ചതാണോ നേട്ടമെന്ന് ചോദിച്ച ചെന്നിത്തല എല്ലാ ആരാധനാലയങ്ങളെയും ഒരുപോലെ കാണുന്നവരാണ് കോൺഗ്രസെന്നും വ്യക്തമാക്കി. പത്തു വർഷത്തെ നേട്ടം പറയാതെ രാമക്ഷേത്ര നിർമാണം, സിവിൽ കോഡ്, കാശ്മീർ വിഷയമെല്ലാം മോദി പറയുന്നു. വർഗീയത ആളിക്കത്തിക്കുന്ന കാര്യങ്ങൾ മാത്രം പറയുകയാണ്. സ്വാർഥ താൽപര്യം കൊണ്ട് ചിലർ പാർട്ടി വിട്ടേക്കാം.
അണികൾ അവർക്കൊപ്പം പോവില്ല. പാർട്ടി തകരില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ എസ്എഫ്ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമാച്ചു കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
വെറ്ററിനറി കോളജിലെ ഡീന്‍ എല്ലാം അറിയാം. സിപിഐക്കാരനായ ഡീൻ നാരായണനെ മന്ത്രി ചിഞ്ചു റാണി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.