കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്സണ് പോലീസ് പിടയിലായി.
കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയതും ആള്‍ക്കൂട്ട വിചാരണയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്തതും ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സംഭവം പുറത്തറിയാതിരിക്കാന്‍ നേതൃത്വം നല്കിയതും ഇയാളാണ്.
കൊല്ലം ജില്ലയിലാണ് മിക്ക പ്രതികളും ഉള്ളതെന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രത്യേക അന്വേഷണസംഘം കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയുമെല്ലാം വീടുകളില്‍ പോലീസ് അരിച്ചുപെറുക്കിയിരുന്നു.
ഇന്നു രാവിലെ നാലുപ്രതികള്ശക്കതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആദ്യം തയറാക്കിയ 12 പേരുടെ പ്രതിപ്പട്ടികയിലുള്ള നാലുപേര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ്. സിന്‍ജോയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മൂന്നു പേരെക്കൂടി പിടികിട്ടാനുണ്ട്.
സിന്‍ജോ ജോണ്‍സണു പുറമേ മറ്റൊരു പ്രതിയെകൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 18 പ്രതികളില്‍ 11 പേര് മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
ഫെബ്രുവരി 18നാണ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥനെ കണ്ടെത്തിയിരുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയും കൊടിയ മര്‍ദനവും ഏറ്റാണ് സിദ്ധാര്ഥന് ജീവനൊടുക്കിയത്.