ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ വിധാൻസൗധയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹാവേരിയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു.
ബയദഗിയിലെ മുളകു വ്യാപാരിയായ മുഹമ്മദ് ഷാഫി നാഷിപുഡിയെയാണ് അറസ്റ്റ് ചെയ്തത്. ഹാവേരി ബിജെപി ഘടകം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അതേസമയം, പാക്ക് മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണം ഇനിയും തെളിഞ്ഞിട്ടില്ലെന്നും ഇയാളുടെ ശബ്ദ സാന്പിളുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
മുദ്രാവാക്യ വിവാദത്തെച്ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് വാക്പോര് തുടരുകയാണ്. ഇതുസംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് സർക്കാർ മനഃപൂർവം പുറത്തുവിടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.
അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. കർശന നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണു ബിജെപി തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ താവർചന്ദ് ഗെലോട്ടിനെയും സമീപിച്ചിരുന്നു.