ഇടുക്കി: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. സമീപത്ത് റബര്‍ വെട്ടിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ബഹളം കേട്ട് ഓടിയെത്തി കാട്ടാനയെ തുരത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സര്‍ക്കാര്‍ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആരോപിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള സ്ഥലമാണ് ഇടുക്കി. ജനത്തിന് സുരക്ഷ കൊടുക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയും സര്‍ക്കാരും, താൻ നിരാഹാരം കിടന്നപ്പോൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി തന്നെ നിരന്തരം വിളിച്ചു എന്നും ഡീൻ പറഞ്ഞു.
വന്യമൃഗങ്ങൾ കാട്ടിലാണ് കഴിയേണ്ടത്. അത് ജനവാസ മേഖലയിൽ എത്തിയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അതിനെ കാട്ടിലേക്ക് ഓടിക്കണം. നൂറ് കണക്കിന് ആളുകൾ ഭീതിയിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.