കോഴിക്കോട്: കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിന് ഇരയായ വിദ്യാർഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്.
യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കോളജിന് സമീപത്തെ ഒഴിഞ്ഞ വീട്ടില്‍ വച്ച് മര്‍ദിച്ചത്.
എസ്എഫ്ഐയുടെ ഇടിമുറിയായാണ് ഇത് അറിയപ്പെടുന്നത്. ഈ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി അമലിനെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് മർദിക്കുകയായിരുന്നുവെന്ന് അമലും പിതാവും കൊയിലാണ്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കോളജിലെ മറ്റൊരു വിദ്യാർഥിയെ മർദിച്ചതിനു പിന്നിലെ സൂത്രധാരൻ താനാണെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്ന് അമൽ പറഞ്ഞു. തനിക്ക് അതിൽ പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും മർദനം തുടർന്നുവെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ബൈക്ക് അപകടമെന്നാണ് തന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ ധരിപ്പിച്ചത്.
എസ്എഫ്ഐക്കാരുടെ ഭീഷണിയെ തുടർന്നായിരുന്നു ഇതെന്ന് അമൽ വ്യക്തമാക്കി. കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയാണ് മർദനമേറ്റ അമൽ.
റാംഗിംഗ് നടത്തിയത് അമല്‍: എസ്എഫ്ഐ
കൊയിലാണ്ടി: കൊയിലാണ്ടി എസ്എൻഡിപി കോളജിൽ എസ്എഫ്ഐക്കാർ റാഗിംഗ് നടത്തി എന്ന രീതിയിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ അനുനാഥ് കഴിഞ്ഞ രണ്ടാം വർഷ വിദ്യാർഥികളുടെ ക്രൂരമായ റാഗിംഗിന് വിധേയമാകുകയാണുണ്ടായത്.
ഇതിന് നേതൃത്വം നല്‍കിയത് അമല്‍ ഉള്‍പ്പെട്ട സംഘമാണ്. മുഖത്തും ദേഹത്തും പരിക്കുപറ്റുകയും വായിൽനിന്ന് രക്തം വരികയും ചെയ്തതിനെ തുടർന്ന് അനുനാഥ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഡോക്ടർ റഫർ ചെയ്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടി.
ഈ വിഷയം സംസാരിക്കാൻ എത്തിയ അമല്‍ വീണ്ടും അനുനാഥിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ദേഹത്തുപിടിച്ച് ഉന്തുകയും ചെയ്തപ്പോൾ ഉണ്ടായ സംഘര്‍ഷത്തിലാണ് അമലിന് പരിക്കുണ്ടായതെന്നും നിലവിൽ അമൽ ഉൾപ്പെടെ റാഗിംഗിൽ ഉൾപ്പെട്ടവർക്കെതിരേ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.