തിരുവനന്തപുരം: സംസ്ഥാനത്ത് 1980415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2324949 കുട്ടികൾക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരുന്ന ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം 185100, കൊല്ലം 144927, പത്തനംതിട്ട 58884, ആലപ്പുഴ 106458, കോട്ടയം 91610, ഇടുക്കി 61212, എറണാകുളം 186846, തൃശൂര്‍ 171222, പാലക്കാട് 183159, മലപ്പുറം 313268, കോഴിക്കോട് 192061, വയനാട് 49847, കണ്ണൂര്‍ 144674, കാസര്‍ഗോഡ് 91147 എന്നിങ്ങനെയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.
എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.
ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23471 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇതില്‍ 19.17 ലക്ഷം കുഞ്ഞുങ്ങള്‍ക്കും പോളിയോ ബൂത്തുകള്‍ വഴിയാണ് തുള്ളി മരുന്ന് നല്‍കിയത്. 46942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചത്.