കറുകച്ചാൽ: സ്വകാര്യ ബസിൽനിന്നും ഇറങ്ങിയ യുവതി അതേ ബസിടിച്ച് മരിച്ചു. നെടുമണ്ണി ആലുങ്കൽ അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (ജിനുക്കുട്ടി-34) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കറുകച്ചാൽ ബസ്സ്റ്റാൻഡിലായിരുന്നു അപകടം.
പിതാവ് മാന്തുരുത്തി ചേന്നാട്ട് സാജുവിന്റെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാൻഡിലെ ബേക്കറി തുറക്കാനെത്തിയതായിരുന്നു അൻസു. മാന്തുരുത്തിയിൽനിന്നും കറുകച്ചാൽ ബസ്സ്റ്റാൻഡിൽ ഇറങ്ങി അൻസു മുന്നോട്ട് നടക്കുമ്പോൾ അതേ ബസിടിച്ച് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻസുവിനെ യാത്രക്കാർ ചേർന്ന് കറുകച്ചാലിലെയും തുടർന്ന് ചെത്തിപ്പുഴയിലെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
നാളെ രാവിലെ ഒൻപതിന് മൃതദേഹം മാന്തുരുത്തിയിലെ ഭവനത്തിലെത്തിക്കും. തുടർന്ന് ഭർതൃഭവനത്തിലെത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കാരം ഉച്ചകഴിഞ്ഞു 3.30ന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. ഏക മകൻ ആൽഫൈൻ (അഞ്ച് വയസ്, നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ വിദ്യാർഥി.) മാതാവ്: കുമാരി, സഹോദരങ്ങൾ: അൻജു, ജോൺസൺ.