മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈ ഫൈനലിൽ. സെമിയിൽ തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റണ്‍സിനും കീഴടക്കിയാണ് മുംബൈയുടെ ഫൈനൽ പ്രവേശം.
രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ആദ്യ ഇന്നിംഗ്സിൽ 109 റണ്‍സ് നേടുകയും ചെയ്ത മുംബൈയുടെ ഷാർദുൾ ഠാക്കൂറാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: തമിഴ്നാട് 146, 162. മുംബൈ 378. ഫസ്റ്റ് ക്ലാസിൽ ഷാർദുളിന്റെ കന്നി സെഞ്ചുറിയായിരുന്നു.
ഒന്‍പതിന് 353 എന്ന നിലയിൽ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈ 378ന് പുറത്തായി. തനുഷ് കൊടിയൻ 89 റണ്‍സുമായി പുറത്താകാതെനിന്നു.
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ തമിഴ്നാട് 51.5 ഓവറിൽ 162നു പുറത്തായി. മുംബൈക്കുവേണ്ടി ഷാംസ് മുലാനി 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്താണ് തമിഴ്നാടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ.
48-ാം ഫൈനൽ
രഞ്ജി ട്രോഫിയിൽ മുംബൈയുടെ 48-ാം ഫൈനൽ പ്രവേശമാണ്. 2015-16 സീസണിലാണ് മുംബൈ അവസാനമായി രഞ്ജി ട്രോഫി ചാന്പ്യന്മാരായത്. 41 തവണ മുംബൈ രഞ്ജി കിരീടം ചൂടി. രഞ്ജി ട്രോഫി പത്തിൽ കൂടുതൽ പ്രാവശ്യം നേടിയ ഏക ടീമാണ് മുംബൈ. 2021-22 സീസണിലും മുംബൈ ഫൈനലിൽ പ്രവേശിച്ചിരുന്നു. എന്നാൽ, കിരീട പോരാട്ടത്തിൽ മധ്യപ്രദേശിനോട് പരാജയപ്പെട്ടു.
വിദർഭ x മധ്യപ്രദേശ് സെമി ജേതാക്കളാണ് ഫൈനലിൽ മുംബൈയുടെ എതിരാളികൾ. മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. എന്നാൽ, വിദർഭ രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ചു. സ്കോർ: വിദർഭ 170, 343/6. മധ്യപ്രദേശ് 252.