കൊല്ലം: മുഖത്തലയിലെ ഫർണിച്ചർ വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ. തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തി നശിച്ചു. ചെന്താപ്പൂര് പ്ലാമൂട്ടിലെ സ്വകാര്യ ഫർണിച്ചർ നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ 1.20 ഓടെ തീപിടിത്തമുണ്ടായത്.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കൊല്ലം ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നടക്കം പത്ത് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി.
ഇവർ ഏറെ പണിപ്പെട്ട് രാവിലെ 4.45 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവം അറിഞ്ഞ് കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്ത് എത്തുകയുണ്ടായി. പ്രദേശത്തെ വൈദ്യുതി ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അഗ്നിബാധയിൽ വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.