തിരുവനന്തപുരം: സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മഹിളാ കോണ്‍ഗ്രസ് നേതാക്കളും ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനെതിരേ പോലീസ് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
രാഹുലിനെ കൂടാതെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്.
അനധികൃതമായി സംഘംചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്.
സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെതിരെയും അധ്യാപകർക്കെതിരെയും അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കളുടെ നിരാഹാരം.
സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയറ്റിന് സമീപം എത്തിക്കൊണ്ടിരിക്കുകയാണ്.