മാലി: മാലിദ്വീപുമായി പുതിയ സൈനികക്കരാർ ചൈന ഒപ്പുവച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഷാങ് ബവോഖും തമ്മിൽ കരാറിന്റെ രേഖകൾ കൈമാറി.
ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി മാലിയിലെ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതിന്റെ പശ്ചാത്തലത്തിലാണു പുതിയ കരാർ.
കരാറുകളിലൊന്നിലെ വ്യവസ്ഥകൾ പ്രകാരം മാലിദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നൽകുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 സംബന്ധിച്ച് ഒരു സമാന്തര കരാറിൽ ഒപ്പുവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ കരാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ഗവേഷണത്തെ സ്വാധീനിച്ചേക്കാം.