കയ്റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹിയ സരിയ ആണ് പുറത്ത് വിട്ടത്.
നിരവധി മിസൈലുകളും ഡ്രോണുകളും യുദ്ധക്കപ്പലുകൾക്ക് നേരെ തൊടുത്തതായി യഹിയ സരിയ അവകാശപ്പെട്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അതേസമയം, ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർധിച്ചത് അന്താരാഷ്ട്ര ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ആക്രമണം ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.
ഇസ്രയേൽ-ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.