കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഇന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്.
കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയായത് വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും, തൃപ്പൂണിത്തുറ സ്റ്റേഷൻ യഥാർഥ്യമാകുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് സൗകര്യവും സഹായകരവുമാകുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ അത്തച്ചമയത്തിലെ വിവിധ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളും, ലൈറ്റുകളും, മറ്റ് ഇന്റീരിയർ ഡിസൈനുകളും രാജനഗരിയുടെ പൈതൃകം വിളിച്ചോതുന്ന തരത്തിലാണുള്ളത്.