കണ്ണൂർ: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
ജർമനിയിൽ രജിസ്റ്റേര് ഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണു പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിനു കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം.
താത്പര്യമുള്ളവർക്ക് triplewin.norka@kerala. gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അപേക്ഷ നൽകാവുന്നതാണെന്നു നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻചാർജ്) അജിത്ത് കോളശേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യ) +91-8802 012 345 (വിദേശം) ബന്ധപ്പെടാം.