കൊച്ചി: തെരുവു നായകള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണന്നും മനുഷ്യനാണ് നായയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി.
നായ സ്നേഹികള്‍ മാധ്യമങ്ങളിലൂടെ അത് പ്രകടിപ്പിക്കുന്നതിന് പകരം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അവയുടെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. നായ ശല്യത്തിനെതിരേ കണ്ണൂര്‍ മുഴത്തടത്ത് വാര്‍ഡിലെ ടി.എം. ഇര്‍ഷാദ് അടക്കം താമസക്കാര്‍ നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
പരിക്കേറ്റ് കിടക്കുന്ന തെരുവുനായകളെ സംരക്ഷിക്കുന്ന രാജീവ് കൃഷ്ണന്റെ വീട്ടുവളപ്പില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളരുന്ന നായകളുണ്ടാക്കുന്ന ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തെരുവു നായകളെ ഭയന്ന് വിദ്യാഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
പ്രഭാതനടത്തം പോലും സാധ്യമല്ലാതായി. കുട്ടികളടക്കമുള്ളവരെ തെരുവു നായ ആക്രമിച്ചതിന്റെ മാധ്യമ വാര്‍ത്തകളും ദൃശ്യങ്ങളും വല്ലാതെ ഭയപ്പെടുത്തുന്നു. തെരുവു നായകളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയും അതൊരു വലിയ ഭീഷണിയായി മാറുകയുമാണ്. ഇതേക്കുറിച്ച് നായ സ്നേഹികള്‍ക്കും ബോധ്യം ഉണ്ടാകണം.
തെരുവുനായ ശല്യത്തിനെതിരേ നായ സ്നേഹികള്‍ക്ക് ലൈസന്‍സ് നല്കാന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായ സംരക്ഷണത്തിനായി രാജീവ് കൃഷ്ണന് ഉടന്‍ ലൈസന്‍സ് നല്കാന് കണ്ണൂര്‍ കോര്പറേഷന് കോടതി നിര്‍ദേശം നല്കി.