ഋഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ക്രീസ് വിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ആരെന്ന ചോദ്യം ഉയര്‍ന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിന്റെ റോള്‍ ഏറ്റെടുക്കാന്‍ പലരുമുണ്ടായെങ്കിലും ടെസ്റ്റില്‍ അനുയോജ്യനായ ഒരു താരത്തെ ലഭിച്ചില്ല.
പോരായ്മകള്‍ പലതുണ്ടായിരുന്നെങ്കിലും ഋഷഭ് പന്തിന്റെ സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്താന്‍ പര്യാപ്തമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഇല്ലായിരുന്നു എന്നതും വാസ്തവം. എം.എസ്. ധോണി ഒഴിച്ചിട്ട കസേരയില്‍ പന്ത് അതോടെ ഇരിപ്പുറപ്പിച്ചു.
എന്നാല്‍, 2022 ഡിസംബറില്‍ ഋഷഭ് പന്ത് അപകടത്തില്‍പ്പെട്ടതിനുശേഷം ഇഷാന് കിഷന്, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ബിസിസിഐ പരീക്ഷിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു ഇഷാന് കിഷനെ പരീക്ഷിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കെ.എല്‍. രാഹുലിനെ ആ റോള്‍ ഏല്‍പ്പിച്ചു.
കെ.എല്‍. രാഹുലിന്റെ തോളിലെ ഭാരം കുറയ്ക്കണമെന്ന മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം വന്നതോടെ കെ.എസ്. ഭരത് ഗ്ലൗ അണിയാന്‍ തുടങ്ങി. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഭരത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി. ഭരത്തിന്റെ പ്രകടനം ശരാശരിക്ക് താഴെയായതോടെ ധ്രുവ് ജുറെല്‍ ആ റോളിലേക്ക് എത്തി.
2020 ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ധ്രുവ് ജുറെല്‍. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി വാലറ്റത്ത് വമ്പന്‍ അടികളുമായി തിളങ്ങിയ ജുറെല്‍ ഹൈപെര്‍ഫോമന്‍സ് സെന്ററില്‍ ഒരു ദിവസം 140 ഓവര്‍ ബാറ്റ് ചെയ്ത് തന്റെ ടെസ്റ്റ് ക്വാളിറ്റിയും വെളിപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ ജുറെല്‍, 46 റണ്‍സുമായി ലഭിച്ച അവസരം മുതലാക്കി. റാഞ്ചിയിലെ നാലാം ടെസ്റ്റിലായിരുന്നു ജുറെലിന്റെ ക്ലാസ് വെളിപ്പെട്ടത്. അഞ്ചിന് 161 എന്ന നിലയില്‍ പതറിയ ഇന്ത്യയെ 149 പന്തില്‍ 90 റണ്‍സുമായി ജുറെല്‍ കരകയറ്റി.
രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സുമായി പുറത്താകാതെനിന്ന് ശുഭ്മാന്‍ ഗില്ലിനൊപ്പം ടീമിനെ ജയത്തിലുമെത്തിച്ചു. അതോടെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ബാറ്റുകൊണ്ടു മാത്രമല്ല, വിക്കറ്റിനു പിന്നിലും മിന്നും പ്രകടനമായിരുന്നു ജുറെല്‍ കാഴ്ചവച്ചത്.
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആകുന്ന ആറാമത് മാത്രം വിക്കറ്റ് കീപ്പറാണ് ധ്രുവ് ജുറെല്‍. ഋഷഭ് പന്ത് രണ്ട് തവണ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. ഏതായാലും ലഭിച്ച രണ്ട് ടെസ്റ്റിലും അവസരം മുതലാക്കി താന്‍ ജോറാണെന്ന് ജുറെല്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.
നാളെയാണ് ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. കഴിഞ്ഞ രണ്ട് ടെസ്റ്റിലെയും പ്രകടനം ആവര്‍ത്തിക്കാന്‍ ജുറെലിനു കഴിയുമോ, ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കാന്‍ ജുറെലിനു സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി ലഭിക്കേണ്ടത്…