ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ഇന്നു ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത്, തിക്രി, സിംഗു, ഗാസിപുർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു. രാജ്യത്തുടനീളമുള്ള കർഷകർ ഇന്നു ഡൽഹിയിൽ എത്തണമെന്നു കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 13ന് കർഷകർ “ഡൽഹി ചലോ’ പ്രതിഷേധം ആരംഭിച്ചെങ്കിലും ഹരിയാനയുടെയും പഞ്ചാബിന്റെയും അതിർത്തിയിൽ സുരക്ഷാസേന തടയുകയായിരുന്നു. ഇത് നിരവധി സംഘർഷങ്ങൾക്ക് കാരണമായി. ഇതിനിടെ ഒരു കർഷകൻ മരിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ താൽകാലികമായി സമരം നിർത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിലാണ് കർഷകർ താമസിക്കുന്നത്. സമരക്കാരായ കർഷകരും കേന്ദ്രവും മുൻകാല ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.