കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ ഷോറൂമിലെത്തി അമ്മയെ ഷോറൂമിൽ നിർത്തിയതിന് ശേഷം ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവച്ചാണ് അപകടമുണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന നിധിനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. നിധിൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.