ബെർലിൻ: ജർമനിയിൽ അറുപത്തിരണ്ടുകാരൻ 217 തവണ കോവിഡ് വാക്സിൻ എടുത്തതായി കണ്ടെത്തൽ. ഡോക്ടർമാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയായിട്ടാണ് ഇത്രയും കുത്തിവയ്പുകളെടുത്തത്. വാക്സിൻ സ്വകാര്യമായി സംഘടിപ്പിക്കുകയായിരുന്നു.
ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ‘ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്’ ജേർണലിൽ പറയുന്നു. പത്രവാർത്തകളിലൂടെ സംഭവമറിഞ്ഞ എർലാംഗൻ -ന്യൂറംബെർഗ് സർവകലാശാലയിലെ ഗവേഷകർ ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി വിശദമായ പരിശോധനകൾക്കു വിധേയനാക്കി.
ആവശ്യത്തിലധികം പ്രതിരോധമരുന്ന് ശരീരത്തിനു ഹാനികരമാണെന്നാണ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി വിഭാഗത്തിന്റെ അഭിപ്രായം. പക്ഷേ, ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഒരിക്കൽ പോലും കോവിഡ് വന്നിട്ടില്ലെന്നും അനുമാനിക്കുന്നു.