തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിൽ ഇന്നു മുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നിർദേശം നൽകിയിരുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല.
വകുപ്പിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ ചില ഉദ്യോഗസ്ഥർ ഒരു വിഭാഗം ഡ്രൈവിംഗ് സ്കൂളുകാർക്ക് ചോർത്തി നൽകി അട്ടിമറിക്കാൻ ശ്രമിച്ചതാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ നടന്ന പ്രതിഷേധങ്ങൾക്കു കാരണമെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ഡ്രൈവിംഗ് ടെസ്റ്റിന് സ്ളോട്ട് കിട്ടിയവർക്കെല്ലാം ടെസ്റ്റിന് അവസരം നൽകാൻ നിർദേശം കൊടുത്തിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ കള്ളക്കളിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ കരിവാരിതേയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ടെസ്റ്റിന്റെ എണ്ണം നിയന്ത്രിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.