കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പു പ്രഖ്യാപനം വിളിപ്പാടകലെ എത്തിനില്‍ക്കെ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ്. മുന്മുഖ്യമന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ തീരുമാനം രാഷ്ട്രീയരംഗത്ത് അന്പരപ്പാണ് ഉണ്ടാക്കിയത്.
സംസ്ഥാനത്തുനിന്നു പരമാവധി സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് ആഞ്ഞു പിടിക്കുന്നതിനിടെ കെ. മുരളീധരന്എംപിയുടെ സഹോദരി കൂടിയായ പത്മജയുടെ അപ്രതീക്ഷിത പ്രഖ്യാപനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറെപ്പേര്‍ ഇതിനകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു.
അതിനിടെയാണു കേരളത്തിലും കൂടുമാറ്റം. മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു. കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു അനിലിന്റെ കൂടുമാറ്റം. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് നിലവിൽ അനില്‍. അനിലിന്റേതുപോലെയാണ് പത്മജയുടെ കളംമാറ്റവും. കരുണാകരനെന്ന മഹാമേരുവിന്റെ മകള്‍ ബിജെപിയിലെത്തുന്നത് രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്നു കുറച്ചു കാലമായി പത്മജ. 2004ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുകുന്ദപുരത്തുനിന്നു ലോക്സഭയിലേക്കും 2021ല്‍ നിയമസഭയിലേക്കും മല്‍സരിച്ചിരുന്നെങ്കിലും വിജയം കണ്ടെത്താന്‍ പത്മജയ്ക്ക് കഴിഞ്ഞിരുന്നില്ല. തനിക്കു വാഗ്ദാനം നല്‍കിയിരുന്ന രാജ്യസഭാസീറ്റ് നല്‍കാത്തതും ജൂണിയര്‍ നേതാക്കളെ രാജ്യസഭയിലേക്ക് അയച്ചതും പത്മജയെ ചൊടിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിക്കിടെ പത്മജ, പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ കയറുന്നത് നേതാക്കള്‍ തടഞ്ഞതാണ് കോണ്‍ഗ്രസ് േനതൃത്വവുമായി അകലാനുള്ള മറ്റൊരു കാരണം. കെ. കരുണാകരന്റെ സ്മാരക നിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നതും പാര്‍ട്ടി മാറ്റത്തിനു കാരണമായതായി കേള്‍ക്കുന്നുണ്ട്.
കോണ്‍ഗ്രസ് നേതൃത്വം തന്നെ അവഗണിക്കുന്നതായി അടുത്ത സുഹൃത്തുക്കളോടു പത്മജ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പത്മജ ബിജെപിയില്‍ എത്തുന്നതെന്ന് സൂചനയുണ്ട്. പാര്‍ട്ടിയില്‍ ചേരുമ്പോള്‍ രാജ്യസീറ്റ് നല്‍കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചതായും വിവരമുണ്ട്. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല.