എസ്.ആർ. സുധീർ കുമാർ
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ പ്രചാരണ പര്യടന പരിപാടികളിൽ യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾ ബഹുദൂരം മുന്നേറിയിട്ടും ബിജെപി ഇനിയും പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വിഭാഗീയതയുമാണ് സ്ഥാനാർഥി നിർണയം വൈകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാറിന്റെ പേരാണ് സ്ഥാനാർഥിയായി തുടക്കം മുതലേ കേൾക്കുന്നത്. എന്നാൽ ഇതിനോട് ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ട്. ദുർബലനായ സ്ഥാനാർഥി എന്നാണ് ഇവരുടെ വിലയിരുതൽ. കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആർഎസ്എസും പാർട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുുമായ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്ര കൊല്ലം ജില്ലയിൽ എത്തിയപ്പോൾ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിട്ടു നിൽക്കുകയുണ്ടായി. ഇത് അടക്കമുള്ള സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള സ്ഥാനാർഥിയാകണം കൊല്ലത്ത് മത്സരിക്കേണ്ടതെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ ശക്തരും കരുത്തരും ആയതിനാൽ അവരോട് കിടപിടിക്കുന്ന സ്ഥാനാർഥിയെ തന്നെ കൊല്ലത്ത് വേണം എന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം. മിസോറാം മുൻ ഗവർണറും മുതിർന്ന പാർട്ടി നേതാവുമായ കുമ്മനം രാജശേഖരൻ മത്സരിച്ചാൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന സാധ്യതയിലേയ്ക്കും ഇവർ വിരൽചൂണ്ടുന്നു.
അതേസമയം ബി.ബി.ഗോപകുമാർ ദുർബലനായ സ്ഥാനാർഥിയല്ല എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ചാത്തന്നൂരിൽ ഗോപകുമാറായിരുന്നു ബിജെപി സ്ഥാനാർഥി. രണ്ട് തവണയും ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയുമുണ്ടായി.
വോട്ടർമാർക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനം ഇതിലും വലുതായിരിക്കും കൊല്ലത്ത് അദ്ദേഹം മത്സരിച്ചാൽ ഉണ്ടാകുക എന്നാണ് ജില്ലാ നേതൃത്വത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വിലയിരുത്തുന്നത്. സംസ്ഥാന നേതൃത്വവും ഇതിനോട് പൂർണമായും യോജിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്തെ സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുള്ളത്. സ്ഥാനാർഥി ആരായിരിക്കും എന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തത വരും എന്നാണ് പ്രതീക്ഷ.
ജയ സാധ്യതയുള്ള മണ്ഡലമാണ് കൊല്ലമെന്നും ഒരിക്കലും ഇവിടെ ദുർബലനായ സ്ഥാനാർഥിയെ നിർത്തില്ലെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു.തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും ഇതുവരെ വന്നിട്ടില്ല. എങ്കിലും പല തലത്തിലും ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ പാർട്ടിക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട്. വിജയ സാധ്യത തന്നെ ഇതിൽ പരമ പ്രധാനം. അതിന് അനുസരിച്ചുള്ള സ്ഥാനാർഥിയായിരിക്കും കൊല്ലത്ത് മത്സര രംഗത്ത് ഉണ്ടാകുകയെന്നും അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.
അതേ സമയം കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനും എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് എംഎൽഎ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലായി കഴിഞ്ഞു.വളരെ നേരത്തേ തന്നെ പ്രചാരണ പര്യടനം ആരംഭിച്ചത് പ്രേമചന്ദ്രനാണ്. കനത്ത വേനൽ ചൂടിനെയും അവഗണിച്ച് അദ്ദേഹത്തിൻ്റെ നിയോജക മണ്ഡല പര്യടനം തുടരുകയാണ്.
എം. മുകേഷും ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. റോഡ് ഷോയിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ അദ്ദേഹം പരമാവധി പൊതു പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലാണ്. അത് കഴിഞ്ഞ് കുടുംബ യോഗങ്ങൾ ആരംഭിക്കും. മുകേഷിന്റെ തെരഞെടുപ്പ് പ്രചാരണാർഥമുള്ള പാർലമെൻ്റ് മണ്ഡലം കൺവൻഷൻ ഇന്നലെ കൊല്ലം ആശ്രാമത്തെ നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.
16-നകം അസംബ്ലി മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കും. ബൂത്ത് തലം വരെയുള്ള കമിറ്റികൾ 20-ന് മുമ്പും നിലവിൽ വരും. പര്യടനത്തിനും റോഡ്ഷോയ്ക്കും പുറമേ സാമൂഹിക മാധ്യമങ്ങളിലും ഇരു കൂട്ടരും വ്യത്യസ്തമായ പ്രചാരണ പരിപാടികളാണ് കാഴ്ചവയ്ക്കുന്നത്.