ബഹ്ല: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ബഹ്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
ഭാര്യയെ കൊന്നതിന് പിന്നാലെ മൃതദേഹം പുതപ്പിച്ച് കിടത്തിയ ശേഷം കാർത്തിക് ദാസ് മക്കളെ ട്യൂഷന് വിട്ടു.തുടർന്ന് വീട്ടിലെ ജോലികൾ എല്ലാം ചെയ്തത് ഭക്ഷണവും ഉണ്ടാക്കി. ഒടുവിൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഭാര്യയുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു. താൻ മക്കളുടെ വസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ മക്കളെ കൂട്ടിക്കൊണ്ട് പോകാൻ ഭാര്യാ മാതാവിനെ ചുമതലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു.
കാർത്തിക് പച്ചക്കറി- ഇറച്ചിക്കട നടത്തി വരികയായിരുന്നു. ഭാര്യ സമാപ്തിക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.
ബുധനാഴ്ചയും കാർത്തിക്കും സമാപ്തിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കാർത്തിക് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മ രാവിലെ ആയിട്ടും ഉണരാതിരുന്നത് കണ്ട മക്കൾ വിവരം അന്വേഷിച്ചെങ്കിലും അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കിടക്കുകയാണെന്നാണ് ഇയാൾ മക്കളോട് പറഞ്ഞത്.
സമാപ്തിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തിയതായും പോലീസ് പറഞ്ഞു.