കോഴിക്കോട്: കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നു വടകരയിലെ കോൺഗ്രസിന്റെ സിറ്റിംഗ് എംപി കെ. മുരളീധരന്. തൃശൂരിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രതികരണം.
വടകരയിലെ വീട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത്രമാത്രമായിരുന്നു മുരളിയുടെ മറുപടി. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. വടകരയിൽനിന്നു മാറ്റി മത്സരിപ്പിക്കാനുള്ള അതൃപ്തി അദ്ദേഹത്തിന്റെ ശരീരഭാഷയിൽ വ്യക്തമായിരുന്നു.
തൃശൂരിലേക്കു മാറ്റുന്നതില്‍ കെ. മുരളീധരനു നീരസമുണ്ടെന്നാണു സൂചന. മുരളീധരന് വടകര വിട്ടുപോകുന്നതിനോടു പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ല.
ഷാഫി പറമ്പിലിനു ജയസാധ്യത ഉണ്ടെങ്കിലും മുരളിയുടെ അത്ര ഇല്ലെന്നു നേതാക്കളിൽ ഒരു വിഭാഗവും കരുതുന്നു. വടകര പോലുള്ള മണ്ഡലത്തില്‍ കെ. സുധാകരനെയോ മുല്ലപ്പള്ളിയെയോ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം പ്രവര്‍ത്തകരും നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കരുണാകരന്റെ തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ പത്മജ അനുകൂലികളുടെ വോട്ട് മുരളിക്കു ലഭിക്കാനുള്ള സാധ്യതയില്ലെന്നും ബിജെപി വോട്ടുകളെല്ലാം സുരേഷ് ഗോപിക്കുതന്നെ കിട്ടുമെന്നും വിലയിരുത്തലുണ്ട്.