കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം ശ്രീവിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം എന്റെ മനസില്‍ വിദ്യയോടൊപ്പമുള്ള യാത്രകളും ഓര്മകളുമായിരുന്നു.
കൂടിക്കാഴ്ചകള്‍ പോയിട്ട്, ആ ശബ്ദം പോലും ഞാന്‍ കേട്ടിട്ട് വര്‍ഷങ്ങള്‍ തന്നെ കടന്നു പോയിരുന്നു. എങ്കിലും എന്നും ഞങ്ങളുടെ മനസില്‍ ഞങ്ങളുണ്ടായിരുന്നു. സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അതു നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെ പേര്‍ക്കും അറിയാവുന്ന കാര്യമാണത്.
എന്നാല്‍ അതിന്റെ കാരണങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും രണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടെയും എന്റെയും ജീവിതത്തില്‍ കാലം ഒരുപാടു മാറ്റങ്ങള്‍ വരുത്തി. എന്നിട്ടും ഞങ്ങളില്‍ ബാക്കിയായത് സ്നേഹം മാത്രമായിരുന്നു.
-കമല്‍ ഹാസന്